
കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമായ മിൽമ, മലബാർ മേഖലാ യൂണിയൻ, ക്ഷീരകർഷകർക്ക് താങ്ങും തണലുമേകി ഈ മേഖലയുടെ സുസ്ഥിര വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ച് ജൈത്രയാത്ര തുടരുകയാണ്. ക്ഷീര മേഖലയുടെ പ്രധാന കണ്ണികളായ ക്ഷീരസഹകരണ സംഘങ്ങളുമായി കൈകോർത്തുള്ള പ്രവർത്തനങ്ങൾ ഈ മേഖലയ്ക്ക് കരുത്ത് പകരുന്നു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഗുണനിലവാരമുള്ള പാലും, പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്നതു വഴി ഉപഭോക്തൃ സംതൃപ്തിയും മേഖലാ യൂണിയൻ ഉറപ്പ് വരുത്തുന്നു. പ്രതിദിനം മൂന്നര കോടിയോളം രൂപ പാൽ വിലയായി മലബാറിലെ ക്ഷീരകർഷകർക്ക് നൽകാൻ മേഖലാ യൂണിയന് സാധിക്കുന്നുണ്ട്. പാൽ വിലയ്ക്ക് പുറമെ, ക്ഷീരസംഘങ്ങൾക്കും, ക്ഷീരോൽപ്പാദകർക്കുമായി വിവിധ ക്ഷേമ പദ്ധതികൾ മേഖലാ യൂണിയൻ നടപ്പിലാക്കി വരുന്നു. പാൽ വിൽപ്പന വിലയുടെ 84% നേരിട്ടുള്ള സംഭരണ വിലയായും, അധിക പാൽവിലയും, കാലിത്തീറ്റ സബ്സിഡിയും നൽകുന്നതിന് പുറമേ വിവിധ ക്ഷീര കർഷക ക്ഷേമപദ്ധതികളും ക്ഷീരകർഷകർക്ക് ക്ഷീരസംഘങ്ങൾ മുഖാന്തിരം മേഖലാ യൂണിയൻ നടപ്പിലാക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ ക്ഷീര സഹകരണ പ്രസ്ഥാനങ്ങൾക്ക് മാതൃകയാണ്. തുടക്ക കാലത്ത് 144 ആനന്ദ് മാതൃകാ സംഘങ്ങൾ അംഗങ്ങളായ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 1200 ഓളം ക്ഷീരസംഘങ്ങൾ മേഖലാ യൂണിയനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ആരംഭകാലത്ത് മേഖലാ യൂണിയൻ്റെ പ്രതിദിന പാൽ സംഭരണം 57,000 ലിറ്റർ എന്നത്, നിലവിൽ പ്രതിദിനം 6,60,000 ലിറ്ററായി ഉയർന്നു. പാലിനൊപ്പം രണ്ട് ഉൽപ്പന്നങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 60 ൽപ്പരം ഉൽപ്പന്നങ്ങൾ മലബാർ മേഖലാ യൂണിയൻറേതായുണ്ട്. ആരംഭകാലത്ത് 13 കോടി രൂപ വാർഷിക വിറ്റുവരവ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത്തെ വാർഷിക വിറ്റുവരവ് ഏകദേശം 2000 കോടി രൂപയാണ്.
കഴിഞ്ഞ 36 വർഷമായി മലബാർ മേഖലയിലെ ക്ഷീര കർഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നതിയ്ക്കായി ക്രിയാത്മകമായ പങ്ക് വഹിക്കാൻ മലബാർ മേഖലാ യൂണിയന് കഴിഞ്ഞിട്ടുണ്ട്. ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന പാൽ, ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതെ ഗ്രാമപ്രദേശങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളിൽ സംഭരിക്കുകയും, പാലിൻ്റെ സ്വാഭാവിക തനിമ നിലനിർത്തുന്നതിനായി ഗ്രാമതലത്തിൽ തന്നെ കേന്ദ്രീകൃത സ്ഥലങ്ങളിൽ എത്തിച്ച് ബൾക്ക് മിൽക്ക് കൂളറുകളിൽ പാലിനെ തണുപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ഡെയറികളിൽ എത്തിച്ച് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലബോറട്ടറിയിൽ പാൽ കർശന ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി സംസ്കരണ പ്രക്രിയയിലൂടെ പാക്കറ്റ് പാലായും, പാലുൽപ്പന്നങ്ങളായും മാറ്റുന്നു.
പതിനായിരത്തോളം വരുന്ന വിതരണ ശൃംഖലയിലൂടെ പ്രതിദിന ശരാശരി 6.5 ലക്ഷം ലിറ്റർ പാൽ കൃത്യമായി വർഷത്തിൽ 365 ദിവസവും ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിന് പുറമേ 300-ലധികം വ്യത്യസ്ത പാക്കേജിംഗിൽ 60 മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി മലബാർ മിൽമ വിപണിയിൽ സജീവമാണ്. രാജ്യത്ത് ക്ഷീര കർഷകർക്ക് ഏറ്റവും കൂടുതൽ പാൽവില നൽകുന്ന പ്രസ്ഥാനം, രാജ്യത്ത് ഏറ്റവും മികച്ച അണുഗുണനിലവാരമുള്ള പാൽ സംഭരിക്കുന്ന സഹകരണ സ്ഥാപനം എന്നീ സവിശേഷതകൾ മലബാർ മിൽമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. വിറ്റുവരവിലും, വിപണനത്തിലും, ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യ വൽക്കരണത്തിലും മലബാർ മേഖലാ യൂണിയൻ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കാർഷിക മേഖലയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ക്ഷീരമേഖലയിൽ കർഷകർക്ക് തങ്ങളുടെ പാൽ വില വളരെ കൃത്യതയോടെ എത്തിച്ചു നൽകുന്നതിൽ മിൽമ പ്രതിജ്ഞാബദ്ധമാണ്. മേഖലാ യൂണിയൻ്റെ പ്രവർത്തന ലാഭം ഇൻസെന്റീവായും, അനവധി കർഷക ക്ഷേമ പ്രവർത്തനങ്ങളിലൂടെയും കർഷകരിലേക്ക് തന്നെ തിരികെ എത്തിക്കുന്നു. മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി കർഷകർ കർഷകരാൽ തന്നെ തെരഞ്ഞെടുക്കുന്ന സമിതിയും വോട്ടവകാശത്തിലൂടെ അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭരണസമിതിയ്ക്കുമാണ് മേഖലാ യൂണിയൻ്റെയും മിൽമയുടെയും ഭരണ ചുമതല. അതുകൊണ്ടു തന്നെ കർഷകരുടെ ക്ഷേമത്തിനായുളള മികച്ച തീരുമാനങ്ങൾ എടുക്കാൻ അവർക്കാകുന്നു.
ക്ഷീര വ്യവസായത്തിനാവശ്യമായ സംഭരണ-സംസ്ക്കരണ-വിപണന സംവിധാനങ്ങൾ കൃത്യമായ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്ത് അതിനാവശ്യമായ പണം സ്വന്തം വ്യാപാര ലാഭത്തിൽ നിന്നും, കേന്ദ്ര കേരള സർക്കാരുകളിൽ നിന്നും, സ്വിസ്സ് വികസന ഏജൻസി പോലെയുളള അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച് മുന്നോട്ടു പോകുന്നതാണ് മിൽമയുടെ വികസന മാതൃക. പാലിന് സ്ഥിരവില വിപണിയിൽ നിലനിർത്തി കൊണ്ട് സംസ്ഥാന സർക്കാരും ക്ഷീര സഹകരണ പ്രസ്ഥാനമായ മിൽമയും യോജിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് ക്ഷീരമേഖലയിൽ എടുത്തു പറയത്തക്ക വളർച്ച കേരളത്തിന് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. “ക്ഷീര കർഷക സമ്പദ്സമൃദ്ധി ഉപഭോക്തൃസംതൃപ്തിയിലൂടെ” എന്ന ആപ്തവാക്യം ചേർത്തുപിടിച്ചു കൊണ്ട് മലബാർ മിൽമ അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്....
കേരളത്തിലെ പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള സങ്കരയിനം കന്നുകാലികളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 1963 ൽ കേന്ദ്ര സർക്കാരും സ്വിറ്റ്സർലൻഡ് സർക്കാരും തമ്മിൽ ഒപ്പുവെച്ച പദ്ധതിയാണ് ഇൻഡോ സ്വിസ് പ്രോജക്ട് കേരള (ISPK). കേരളത്തിന്റെ ക്ഷീര മേഖലയിൽ ശാസ്ത്രീയമായ രീതികൾ അവലംഭിക്കുന്നതിന് സമാരംഭം കുറിച്ചത് ഈ പദ്ധതിയാണ്. ഇടുക്കി ജില്ലയിലെ പീരുമേട് ഹൈറേഞ്ചുകളിൽ ഡെയറിയിങ് അടിസ്ഥാനമാക്കിയുള്ള സമ്മിശ്ര കൃഷിരീതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മാട്ടുപ്പെട്ടിയിലെ ഒഴിഞ്ഞു കിടന്നിരുന്ന അഞ്ഞൂറ് ഏക്കർ സർക്കാർ ഭൂമിയിൽ നടത്തിയ ഈ പരീക്ഷണ പദ്ധതി കേരളത്തിലെ ക്ഷീര മേഖലയിൽ സമൂലമായ മാറ്റത്തിന് നിദാനമായി. തുടർന്ന് പാലുൽപ്പാദനം, സംഭരണം, സംസ്കരണം,വിപണനം എന്നിവ സഹകരണ മേഖലയിൽ സംയോജിപ്പിച്ച് വിജയകരമായി നടപ്പിലാക്കിയ ഗുജറാത്തിലെ ആനന്ദ് മാതൃക രാജ്യത്ത് ആകമാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീര വികസന പദ്ധതിയായ ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് 1980 കളിൽ കേരള സംസ്ഥാനത്ത് നടപ്പിലാക്കുവാൻ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് മിൽമയുടെ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ രൂപീകരിക്കപ്പെട്ടത്. എന്നാൽ ദേശീയ ക്ഷീര വികസന വകുപ്പ് നടത്തിയ സാധ്യതാ പഠനത്തിൽ മലബാർ മേഖലയിൽ പാലുൽപ്പാദന വർധനവിന് സാധ്യതയില്ലായെന്ന് വിലയിരുത്തി ഈ പദ്ധതി നടപ്പിലാക്കുന്നതിന് മലബാർ മേഖലയെ പരിഗണിച്ചിരുന്നില്ല. കേരളത്തിലെ ഓപ്പറേഷൻ ഫ്ലഡിന്റെ ഭാഗമായുള്ള ക്ഷീര വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലയളവിൽ മലബാർ മേഖലയിലെ ക്ഷീര വികസന പ്രവർത്തനങ്ങൾക്കായി 1987 സെപ്റ്റംബർ 25 തീയ്യതിയിൽ ഇന്ത്യാ ഗവൺമെന്റും സ്വിറ്റ്സർലൻഡ് ഗവൺമെന്റും ഒപ്പുവെച്ച കരാറായ നോർത്ത് കേരളം ഡെയറി പ്രോജക്ട് അഥവാ ഉത്തര കേരള ഡെയറി പ്രോജക്ടിന്റെ ഭാഗമായാണ് മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ രൂപീകൃതമാകുന്നത്.
മലബാർ മേഖലയിലെ സമഗ്രമായ ക്ഷീര വികസനം സാധ്യമാക്കുന്നതിനായി ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയുടെ മാതൃകയിൽ ഇന്ത്യ ഗവണ്മെന്റും സ്വിസ് ഗവണ്മെന്റും 25 .09 .1987 തീയ്യതിയിൽ ഒപ്പുവെച്ച കരാറാണ് നോർത്ത് കേരള ഡയറി പ്രോജക്ട് അഥവാ ഉത്തര കേരള ഡയറി പ്രോജക്ട് (NKDP). 26.02 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് കേരളത്തിലെ ആറ് വടക്കൻ ജില്ലകൾ പ്രവർത്തന മേഖലയായി മലബാർ മേഖല യൂണിയൻ രൂപീകൃതമായത്. ആകെ ലഭിച്ച 26.02 കോടി രൂപയിൽ 16.18 രൂപ ഗ്രാന്റായും 9.84 കോടി രൂപ ലോണായുമാണ് ലഭിച്ചത്. രണ്ട് ഘട്ടങ്ങളും പിന്നീട് ദീർഘിപ്പിച്ച ഒരു ഘട്ടവും ചേർത്ത് മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കപ്പെട്ട ഈ പദ്ധതി മലബാറിലെ സമഗ്രമായ ക്ഷീര വികസനത്തിന് അടിത്തറ പാകിയ പദ്ധതിയാണ്.
ഉത്തര കേരള ഡയറി പ്രോജക്ടിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ആറ് ജില്ലകൾ പ്രവർത്തന മേഖലയാക്കി 29 .06.1989 തീയ്യതിയിൽ രജിസ്റ്റർ ചെയ്ത് 15 .01.1990 മുതൽ കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന, കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമാണ് മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ (മലബാർ മിൽമ). നിരവധി പ്രതിസന്ധികൾക്കിടയിൽ 144 ക്ഷീര സംഘങ്ങളും പതിനായിരത്തിൽ താഴെ മാത്രം ക്ഷീര കർഷകരും ശരാശരി 57000 ലിറ്റർ പ്രതിദിന പാൽ സംഭരണവുമായി പ്രവർത്തനമാരംഭിച്ച മലബാർ മിൽമ ഇന്ന് 1150 അംഗ സംഘങ്ങളും ഒരു ലക്ഷത്തോളം ക്ഷീര കർഷകരും പ്രതിദിനം ശരാശരി 6,70,234 ലിറ്റർ പാൽ സംഭരണവും, 6,71,098 പാൽ വിൽപ്പനയും പ്രതിവർഷം ഏകദേശം 2000 കോടി വിറ്റുവരവുമുള്ള ക്ഷീര സഹകരണ പ്രസ്ഥാനമായി വളർന്നത് കേരളത്തിന്റെ ക്ഷീര വികസന മേഖലയിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹത്തായ ഒരു നേട്ടമാണ്. ആരംഭകാലത്ത് ലയിക്കാൻ എതിർപ്പ് കാണിച്ചിരുന്ന മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലാ മിൽക്ക് യൂണിയനുകളും ആനന്ദ് മാതൃകായോടുള്ള പരമ്പരാഗത ക്ഷീര സംഘങ്ങളുടെ എതിർപ്പും സംസ്കരണ സൗകര്യങ്ങളുടെ കുറവും, പാൽ ക്ഷാമവും, പാൽ എളുപ്പത്തിൽ കേടാവുന്ന അവസ്ഥയും, ഉൽപ്പന്നം നെയ്യ് മാത്രമാണെന്നുള്ള പരിമിതിയും, ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയിൽ പരിഗണന ലഭിക്കാതിരുന്നതടക്കമുള്ള എല്ലാ പ്രതിസന്ധികളെയും ഊർജ്ജമാക്കിക്കൊണ്ട് 2002 വരെയും സാമ്പത്തികമായും സംഘടിതമായും വ്യക്തമായ സ്വിസ് മേൽനോട്ടത്തിൽ പ്രവർത്തിച്ചുപോന്ന മലബാർ മേഖല യൂണിയൻ നിലവിൽ കേരളത്തിലെ ഏറ്റവും കൂടുതൽ ക്ഷീര കർഷകരും, ക്ഷീര സംഘങ്ങളും, പാൽ സംഭരണവും, വിപണനവും, ഉൽപ്പന്നങ്ങളും, വരുമാനനവുമുള്ള ദേശീയ ശ്രദ്ധയാകർഷിക്കുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയ മേഖലാ യൂണിയനായി വളർന്നത് മികച്ച മാനേജ്മെന്റ് വൈദഗ്ധ്യവും പ്രൊഫഷണൽ സമീപനങ്ങളും വേറിട്ട പ്രവർത്തനങ്ങളും കൊണ്ടാണ്.
| രജിസ്റ്റര്‍ ചെയ്ത തീയ്യതി | 29/06/1989 |
| പ്രവര്‍ത്തനം ആരംഭിച്ച തീയ്യതി | 15/01/1990 |
| ഡെയറി പ്ലാന്‍റുകളുടെ എണ്ണം | 6 |
| സെന്‍ട്രല്‍ പ്രോഡക്റ്റ്സ് ഡെയറി | 1 |
| റോ മിൽക്ക് റീലോഡിങ് സെന്ററുകളുടെ എണ്ണം | 2 |
| സംഭരണ, ഇന്‍പുട് സെന്‍ററുകളുടെ എണ്ണം | 10 |
| മാര്‍ക്കറ്റിംഗ് ഡിപ്പോകളുടെ എണ്ണം | 7 |
| മാനവ വിഭവ ശേഷി വികസന കേന്ദ്രങ്ങളുടെ എണ്ണം | 1 |
| അസംസ്കൃത പാല്‍ പ്രതിദിന ശരാശരി (2024-2025) | 6,51,339 ലിറ്റര്‍ |
| യുണിയനിലേക്കു പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകരുടെ എണ്ണം (2024-2025) | 77,750 |
| പ്രതിദിന പാല്‍ സംസ്കരണ ശേഷി (2024-2025) | 9.75 ലക്ഷം |
| പ്രതിദിന ഗ്രാമീണ പാല്‍ ശീതീകരണ ശേഷി (2023-2024) | 9.0 ലക്ഷം |